ഓണം അടുത്തെത്തിയതോടെ കുതിച്ചുയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരാനുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം നിരസിച്ചു.

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിനുള്ള മറുപടിയില്‍ സിവില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഈ കാര്യം വിശദമാക്കിയത്. നിലവിൽ രാജ്യത്ത് വിമാനക്കമ്പനികള്‍ക്കാണ് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നടപടി.

ചാര്‍ട്ടര്‍ വിമാനങ്ങള്‍ അനുവദിക്കുന്നത് അതിനായുള്ള ഓരോ അപേക്ഷയും പ്രത്യേകമായി പരിഗണിച്ചു കൊണ്ടാണെന്നും അദ്ദേഹം അറിയിച്ചു. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാള്‍ 9.77 ശതമാനം വര്‍ദ്ധനവു മാത്രമേയുള്ളൂ. ഡൈനാമിക് പ്രൈസിംഗ് രീതിയായതിനാല്‍ യാത്രക്കാര്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ മാര്‍ഗമുള്ളൂയെന്നും സിന്ധ്യ മുഖ്യമന്ത്രിക്കുള്ള കത്തില്‍ വ്യക്തമാക്കി.

അതേസമയം, അമിത വിമാനയാത്രാ നിരക്ക് നിയന്ത്രിക്കണമെന്നും ചട്ടങ്ങള്‍ക്കനുസരിച്ച് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി കത്തയച്ചിരുന്നു.

The post ഓണം സീസണില്‍ വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നു; നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/EA6R0If
via IFTTT