
ഇടുക്കി: നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കൽ സണ്ണിയുടെ മരണത്തിൽ മാവടി തകിടിയൽ സജി (50), മുകുളേൽപ്പറമ്പിൽ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. വീടിന് നേരെ പാഞ്ഞെത്തിയ അഞ്ചോളം വെടിയുണ്ടകളിൽ രണ്ടെണ്ണം ചുവർ തുളച്ച് അകത്ത് കടന്നെന്നും ഇതിലൊന്ന് തലയിൽ തറച്ചുകയറിയാണ് സണ്ണി കൊല്ലപ്പെട്ടതെന്നും പൊലീസ് കണ്ടെത്തി.
ബുധനാഴ്ച രാത്രി 11.30യോടെയായിരുന്നു സംഭവം. സണ്ണി വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു. വീടിന്റെ കതകിൽ വെടിയുണ്ടകൾ തറച്ച പാടുകൾ കണ്ടതാണ് പൊലീസിന്റെ സംശയം വർധിപ്പിച്ചത്. വന്യമൃഗ വേട്ട സംഘങ്ങളാണ് പിന്നിലെന്നായിരുന്നു പൊലീസിന്റെ സംശയം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.
ഇന്നലെയാണ് സജി, ബിനു, വിനീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം വ്യക്തമായത്. സണ്ണിയുടെ വീടിന് സമീപത്തെ ഏലത്തോട്ടത്തിൽ കൂരൻ എന്നറിയപ്പെടുന്ന വന്യമൃഗത്തെ കണ്ടെത്തിയിരുന്നു. ഇതിന് നേരെയാണ് സജി എന്നയാൾ വെടിയുതിർത്തത്. തുടർച്ചയായി വെടിവച്ചു. വെടിയുണ്ടകൾ സണ്ണിയുടെ വീടിന്റെ നേരെയാണ് വന്നത്. ഇവയിലൊന്നാണ് ചുവർ തുളച്ച് അകത്ത് കയറി സണ്ണിയുടെ തലയിൽ പതിച്ചത്. പ്രതികൾ തോക്കുകൾ കുളത്തിൽ ഉപേക്ഷിച്ചതായി മൊഴി നൽകിയിട്ടുണ്ട്. ഇവ കണ്ടെത്തുന്നതിനായി ഇന്ന് തെളിവെടുപ്പ് നടത്തും.
The post നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/3mdyNva
via IFTTT
0 Comments